നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽപനയിൽ ആമസോണിനെതിരെ നടപടി
നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽക്കാൻ അനുവദിച്ചതിന് ആമസോണിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നടപടി. ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ, ആകെ വിറ്റ 2,265 കുക്കറുകൾ തിരിച്ചെടുത്ത് ഉപയോക്താക്കൾക്കു പണം തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവിലെ നടപടികൾ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നാണ് നിർദേശം. 2,265 കുക്കറുകൾ വിറ്റതുവഴി 6.14 ലക്ഷം രൂപയാണ് കമ്മിഷനായി ആമസോണിനു ലഭിച്ചത്. കമ്മിഷൻ ലഭിക്കുന്നതിനാൽ ആമസോണിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു. പേയ്ടിഎം മാളിനെതിരെയും മുൻപ് സമാനമായ നടപടി സ്വീകരിച്ചിരുന്നു.